
തരക്കേടില്ലാത്ത ശമ്പളം ഉണ്ടെങ്കിലും മാസാവസാനമാകുമ്പോഴേക്കും പോക്കറ്റ് ‘കാലി’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പണ്ടത്തെ പോലെ അല്ല, സാധനങ്ങള്‍ക്കെല്ലാം തീ വിലയാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും ജോലി ഉണ്ടെങ്കില്‍ പോലും ബജറ്റ് പ്ലാന്‍ കൃത്യമല്ലെങ്കില്‍ ആ മാസത്തെ കണക്കുകൂട്ടലുകളെല്ലാം പാളി പോകും. സാമ്പത്തികത്തെ ഒരു പരിധി വരെ തകര്‍ത്തുകളയാതെ, മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം. നിങ്ങളുടെ പരിധികള്‍ അറിയുക എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്- പണ്ടത്തെ ആള്‍ക്കാര്‍ പറയുന്നതുപോലെ വരവിന് അനുസരിച്ച് ചെലവ് ചെയ്യുക. എല്ലാ മേഖലകളിലും ഒറ്റയടിക്ക് ചെലവ് ചുരുക്കുക എന്നതിനേക്കാള്‍ നല്ലത് വീക്ക് പോയിന്‍റ് കണ്ടെത്തി ചെലവ് ചുരുക്കലാണ്. ഉദാഹരണത്തിന് ഷോപ്പിങ് ക്രേസുള്ള ആളാണെങ്കില്‍ അത് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കുകയും അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. നിക്ഷേപങ്ങള്‍ തുടങ്ങുക- നിക്ഷേപങ്ങള്‍ ചെറുപ്പം മുതലേ തുടങ്ങി വയ്ക്കുന്നത് നല്ല ശീലമാണ്. തുച്ഛമായ ശമ്പളം വാങ്ങുന്ന ഒരാളാണെങ്കിലും ഒരു ചെറിയ തുകയാണെങ്കിലും അത് നിക്ഷേപത്തിലേക്ക് തന്നെ കരുതി വയ്ക്കുക. കടം വാങ്ങരുത്- പണം റോൾ ചെയ്ത് റോൾ ചെയ്ത് മാത്രം ജീവിക്കുന്നവർ എത്രയും പെട്ടെന്ന് ആ പരിപാടി നിർത്താനുള്ള വഴി നോക്കുക. എമര്‍ജന്‍സി ഫണ്ട്- അത്യാവശ്യമായി ഒറ്റയടിക്ക് കുറച്ചധികം പണം ആവശ്യമായി വന്നാല്‍ എടുക്കാനുള്ളതാകണം എമര്‍ജന്‍സി ഫണ്ട്. അത് നിക്ഷേപമോ മറ്റും ആകരുത്. മെഡിക്കൽ ഇൻഷുറൻസ് എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് ക്ലെയിം ചെയ്യാൻ പറ്റാതെയും ഏറ്റവുമടുത്ത ഒരാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയെന്നും കരുതുക. എന്ത് ചെയ്യും? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരമാണ് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുകയെന്നത്. ചെലവേറിയ പര്‍ച്ചേയ്സ്- പെട്ടെന്നുള്ള വലിയ പർച്ചേസുകൾ പരമാവധി ഒഴിവാക്കുക. വലിയ തുകയുടേയോ, ഇഎംഐകളായി അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നതോ നിയന്ത്രിക്കാൻ ശ്രമിക്കുക.
Comments (0)