
‘ഒരു റീ പായ്ക്കിങ് വിജയകഥ’ മുടക്കിയത് അഞ്ച് ലക്ഷം, മാസം ലാഭം 1.75 ലക്ഷം
മുടക്കിയത് അഞ്ച് ലക്ഷം രൂപ, എന്നാല്‍, മാസം ലാഭം 1.75 ലക്ഷവും, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് നെടുവാൻവിളയിലെ ‘തോട്ടം പ്രോഡക്ട്സ്’ എന്ന സ്ഥാപന ഉടമയായ ജഗദീഷ് കുമാറിന് പറയാനുള്ളത് ഇത്രമാത്രം. ആര്‍ക്കും ഒഴിവാക്കാനാകാത്ത ഉത്പന്നത്തിന്‍റെ റീപാക്കിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജഗദീഷ് കുമാര്‍ ഈ സംരംഭത്തില്‍ വിജയക്കൊടി പാറിച്ചത്. ചായപ്പൊടിയുടെ റീപാക്കിങ് (Tea Blending) ആണ് ബിസിനസ്. മൂന്നാറിലെ സ്വകാര്യകമ്പനിയിൽനിന്ന് നേരിട്ട് ചായപ്പൊടി കൊണ്ടുവന്ന് കിലോഗ്രാമിന് ശരാശരി 200 രൂപ വിലവരുന്ന ചായപ്പൊടി സ്വകാര്യ ഏജന്‍റുമാർ 50 കിലോ ചാക്കുകളിലായി എത്തിച്ചുതരുന്നു. കൂടുതലായി ഒന്നും ചേർക്കാതെ മെഷിനറി സഹായത്തോടെ ചെറിയ പാക്കറ്റുകളിലായി റീപാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നു. മികച്ച പൗച്ച് പാക്കിങ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പിഎംഇജിപി പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപയാണ് വായ്പയായി ജഗദീഷ് എടുത്തത്. 35% സബ്സിഡിയും ലഭിച്ചു. റീപാക്കിങ് (പൗച്ച് പാക്കിങ്) മെഷിനറിയാണ് ഉപയോഗിക്കുന്ന ഏക മെഷിനറി. സ്വയംതൊഴിലിന് റിസ്ക് കുറഞ്ഞ ഒരു ബിസിനസ് എന്ന് തന്നെ റീപാക്കിങ് ബിസിനസിനെ പറയാം. മെഷിനറിക്ക് സർക്കാർ സഹായം, വിൽക്കാൻ വ്യാപകമായ അവസരങ്ങൾ, കൊള്ളാവുന്ന ലാഭവിഹിതം, കൃത്യമായ പ്രവൃത്തിപരിചയം ആവശ്യമില്ല, മുൻപരിചയം ഇല്ലാത്തവർക്കും ചെയ്യാം എന്നതൊക്കെയാണ് ഈ സംരംഭത്തിലേക്ക് ജഗദീഷിനെ ആകർഷിച്ച സവിശേഷതകൾ. വീടിനോട് ചേർന്ന് സംരംഭം ചെയ്യാനുള്ള അവസരം, പരിസ്ഥിതിപ്രശ്ങ്ങളില്ല തുടങ്ങിയ കാര്യങ്ങളും പരിഗണിച്ചാണ് റീപാക്കിങ് രംഗത്തേക്ക് ജഗദീഷ് കടക്കുന്നത്. സ്വകാര്യ വിതരണ ഏജൻസി വഴിയാണ് പ്രധാനമായും വിൽപന നടത്തുന്നത്. റീപാക്കിങ് ബിസിനസിൽ 20 മുതൽ 25% വരെ അറ്റാദായമാണു ലഭിക്കുന്നത്. ഏലം, കുരുമുളക്, മഞ്ഞൾ, ചുക്ക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും താമസിയാതെ റീപാക്കിങ് ചെയ്ത് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ജഗദീഷ്കുമാർ.
Comments (0)